This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിമിനല്‍ നിയമം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിമിനല്‍ നിയമം

ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള നിയമം. ഒരാളുടെ പ്രവൃത്തി മറ്റുള്ളവര്‍ക്ക് ഉപദ്രവകരമാകാതെ നിയന്ത്രിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്. ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുകയെന്നതാണ് രാഷ്ട്രത്തിന്റെ പ്രാഥമികധര്‍മം. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാഷ്ട്രം നടപ്പിലാക്കുന്നതും രാജ്യത്തിനുള്ളിലെ നീതിന്യായക്കോടതികളില്‍ പ്രാബല്യത്തിലിരിക്കുന്നതുമായ ചട്ടങ്ങളെ നടപടിക്രമമനുസരിച്ച് സിവില്‍ നിയമം, ക്രിമിനല്‍ നിയമം എന്നിങ്ങനെ തരംതിരിക്കാം. ഒരാള്‍ക്ക് മറ്റുള്ളവരുടെ പ്രവൃത്തിമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് തെറ്റു ചെയ്തയാളില്‍നിന്നു പ്രതിഫലം ഈടാക്കിക്കൊടുക്കുകയാണ് സിവില്‍ നിയമത്തിന്റെ ലക്ഷ്യം. തെറ്റു ചെയ്തയാളിനെ ശിക്ഷിക്കുകയാണ് ക്രിമിനല്‍ നിയമത്തിന്റെ ലക്ഷ്യം; ജീവധനാദികള്‍ക്കു സംരക്ഷണം നല്കുകയെന്നതും ക്രിമിനല്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നു.

ക്രിമിനല്‍ നീതിനിര്‍വഹണത്തിന്റെ ചുമതല സ്റ്റേറ്റില്‍ നിക്ഷിപ്തമാണ്. ക്രിമിനല്‍ കേസുകളില്‍ സ്റ്റേറ്റാണ് പ്രോസിക്യൂട്ടര്‍. കേസു രാജിയാക്കാന്‍ സാധാരണഗതിയില്‍ സാധ്യമല്ല എന്നതാണ് ക്രിമിനല്‍ കുറ്റങ്ങളുടെ പ്രത്യേകത. കൊലപാതകം പോലെയുള്ള കുറ്റങ്ങള്‍ ചെയ്തയാള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ശിക്ഷയ്ക്കു വിധേയനായേ മതിയാകൂ.

സ്റ്റേറ്റ് നിരോധിച്ചിട്ടുള്ള കുറ്റകൃത്യങ്ങള്‍ ശിക്ഷാനിയമത്തില്‍ പറഞ്ഞിട്ടുണ്ട്. കൊലപാതകം, കൈയേറ്റം, കവര്‍ച്ച, കൂട്ടക്കവര്‍ച്ച, കൊള്ള, മോഷണം, തീവയ്പ്, ഭവനഭേദനം, വസ്തുകൈയേറ്റം എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. പൊതുനിരത്തുകള്‍ മലിനമാക്കല്‍, മാര്‍ഗതടസ്സമുണ്ടാക്കല്‍ തുടങ്ങി പൊതുനന്മയ്ക്കെതിരായ കുറ്റങ്ങളും ശിക്ഷാര്‍ഹമാണ്. ഒരു രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു ഹാനിയുണ്ടാക്കുന്ന രാജ്യദ്രോഹത്തിനും കനത്ത ശിക്ഷ നല്കാന്‍ വ്യവസ്ഥയുണ്ട്. സാമൂഹിക നന്മയ്ക്കെതിരായ കൃത്യങ്ങളൊക്കെ കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ നിര്‍വചനത്തിന്റെ അടിസ്ഥാനം സാന്മാര്‍ഗിക ധര്‍മതത്ത്വങ്ങള്‍ മാത്രമായിക്കൊള്ളണമെന്നില്ല. ഓരോ സ്റ്റേറ്റിലും അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റിന്, അനാശാസ്യമെന്നു തോന്നുന്ന കുറ്റകൃത്യങ്ങളെ നിയമനിര്‍മാണംമൂലം ശിക്ഷാര്‍ഹമാക്കാം.

ഒരു വ്യക്തി മനഃപൂര്‍വം ചെയ്യുന്ന കുറ്റകൃത്യങ്ങളാണ് സാധാരണഗതിയില്‍ ശിക്ഷാര്‍ഹമാകുന്നത്. സൂക്ഷ്മ വിശകലനത്തില്‍ ഒരു കുറ്റകൃത്യത്തിനു രണ്ടു പ്രധാന അംശങ്ങളുണ്ട്: (1) തെറ്റായ കൃത്യം (Actus Reus), (2) കുറ്റവാളിയുടെ അപരാധ മനഃസ്ഥിതി അഥവാ കുറ്റംചെയ്യാനുള്ള ദുരുദ്ദേശ്യം (Mens Rea) കൊല്ലണമെന്ന മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ ഒരാള്‍ മറ്റൊരാളെ കൊന്നെങ്കില്‍ മാത്രമേ കൊലപാതകക്കുറ്റത്തില്‍ ഈ രണ്ട് അംശങ്ങളും വരുന്നുള്ളൂ. കുറ്റവാളി വധശിക്ഷയ്ക്കു വിധിക്കപ്പെടണമെങ്കില്‍ പ്രോസിക്യൂഷന്‍ രണ്ടു സംഗതികള്‍ കോടതി മുമ്പാകെ നിരാക്ഷേപമായി തെളിയിച്ചിരിക്കണം: (1) പ്രതി കുറ്റം ചെയ്തുവെന്നുള്ളത്; (2) പ്രതിയുടെ ദുരുദ്ദേശ്യം. കുറ്റവാളി അപരനെ കുത്തിയോ വെടിവച്ചോ മറ്റു രീതിയിലോ മുറിവേല്പിച്ചുവെന്നും തത്ഫലമായി അയാള്‍ മരിച്ചെന്നും തെളിയിക്കണം. ശവശരീരത്തിന്റെ പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റുമൂലം ഇതു തെളിയിക്കാം. ശവശരീരം ലഭ്യമായില്ലെങ്കില്‍ മറ്റു സാഹചര്യത്തെളിവുകള്‍മൂലം ആക്രമണത്തിനു വിധേയനായ വ്യക്തിയുടെ മരണം തെളിയിച്ചാലും മതി. കൊല്ലാനുപയോഗിച്ച ഉപകരണങ്ങളോ ആയുധങ്ങളോ, മരിച്ചയാളിന്റെ ജഡം പൊലീസ് മുഖേന ഡോക്ടര്‍ പോസ്റ്റുമോര്‍ട്ടം പരിശോധന നടത്തി ഉത്തമവിശ്വാസത്തോടെ നല്കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കി പ്രോസിക്യൂഷന്‍ ഇതു തെളിയിക്കുന്നു. ശത്രുവിന്റെ ആക്രമണത്തിനു വിധേയനാകുന്ന ഒരാള്‍, തന്റെ ജീവന്‍ അപകടത്തിലാകുമെന്ന ഭീതിയോടെ ആത്മരക്ഷാര്‍ഥം അപരനെ കൊല്ലുന്നതിനിടയായാല്‍, ആ കുറ്റവാളി കൊലപാതകക്കുറ്റത്തിനു ശിക്ഷിക്കപ്പെടുകയില്ല. അയാള്‍ അപരനെ കൊന്നുവെന്നുള്ളത് വാസ്തവം തന്നെ; എന്നാല്‍ കൊല്ലണമെന്ന മനഃപൂര്‍വമായ ഉദ്ദേശ്യം അയാള്‍ക്കില്ല. തന്റെ ദേഹരക്ഷയ്ക്കുവേണ്ടി അയാള്‍ ചെയ്ത കൃത്യം ഇതരന്റെ മരണത്തിനിടയാക്കിയെന്നല്ലാതെ അയാള്‍ മരിക്കണമെന്ന ദുരുദ്ദേശ്യം അയാള്‍ക്കില്ലായിരുന്നു. ഏതു വ്യക്തിയും ആത്മരക്ഷാര്‍ഥം ചെയ്യുന്ന ഒരു കൃത്യവും ശിക്ഷാര്‍ഹമല്ല; ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 96-ാം വകുപ്പ് ഇതിനു വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഒരു കുറ്റവാളിയെ, അയാള്‍ ചെയ്തെന്നു പറയുന്ന കുറ്റത്തിനു ശിക്ഷിക്കണമെങ്കില്‍, പ്രോസിക്യൂഷന്‍ അയാളുടെ കുറ്റകൃത്യമെന്ന ഭൗതികാംശത്തെയും അയാളുടെ മാനസികസ്ഥിതിയായ ദുരുദ്ദേശ്യത്തെയും സംശയലേശമെന്യേ കോടതി മുമ്പാകെ തെളിയിച്ചിരിക്കണം. ഈ അംശങ്ങളില്‍ ഒന്നിനെങ്കിലും സംശയത്തിന്റെ നിഴല്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, ആ സംശയത്തിന്റെ ആനുകൂല്യം കുറ്റവാളിക്കു നല്കണമെന്നുണ്ട്. ക്രിമിനല്‍ കേസുകളില്‍ കോടതികള്‍ ഈ തത്ത്വം അടിസ്ഥാനപ്രമാണമായി സ്വീകരിക്കണമെന്ന് ഇംഗ്ലണ്ടിലെയും ഇന്ത്യയിലെയും പരമാധികാരകോടതികള്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നടന്ന വുള്‍മിംഗ്റ്റണ്‍ വി പബ്ലിക്ക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ (1935 A.C. 462) എന്ന കേസില്‍, പ്രതി അയാളുടെ ഭാര്യയെ വെടിവച്ചുകൊന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ ചാര്‍ജ്. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു താമസിച്ചിരുന്നപ്പോള്‍ അവര്‍ തമ്മില്‍ കലഹമുണ്ടായെന്നും പ്രതി തന്റെ കൈത്തോക്കുകൊണ്ടു ഭാര്യയെ വെടിവച്ചുകൊന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കലഹത്തിനിടയില്‍ തോക്കിന്റെ കാഞ്ചി യാദൃച്ഛികമായി പ്രവര്‍ത്തിക്കപ്പെടുകയും തത്ഫലമായി, തന്റെ ഭാര്യ വെടിയേറ്റു മരണമടയുകയും ചെയ്തുവെന്നാണ് പ്രതി തര്‍ക്കിച്ചത്. കീഴ്ക്കോടതികള്‍ പ്രതിയുടെ തര്‍ക്കം തള്ളിക്കളഞ്ഞുകൊണ്ട് പ്രതി കുറ്റക്കാരനാണെന്നു വിധിച്ചു. പരമാധികാര അപ്പീല്‍ കോടതിയായ ഹൌസ് ഒഫ് ലോഡ്സ് സംശയാനുകൂല്യം നല്കി, പ്രതിയെ വിട്ടയയ്ക്കുകയാണു ചെയ്തത്. പ്രതി പറഞ്ഞ രീതിയില്‍ സംഭവം നടക്കാന്‍ ഒരു തലനാരിഴയെങ്കിലും സാധ്യതയുണ്ടെങ്കില്‍, ആ സംശയത്തിന്റെ ആനുകൂല്യം പ്രതിക്കു നല്കണമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കുറ്റവാളികളായ ആയിരം ആളുകള്‍ രക്ഷപ്പെട്ടേക്കാം, എന്നാല്‍ നിരപരാധിയായ ഒരു മനുഷ്യനും ശിക്ഷയ്ക്കു വിധേയനാകരുത് എന്നതാണ് ഇതില്‍ അന്തര്‍ലീനമായ തത്ത്വം. പരിതഃസ്ഥിതികള്‍ അല്പമെങ്കിലും സംശയാസ്പദമാണെങ്കില്‍ അതിന്റെ ആനുകൂല്യം പ്രതിക്കു നല്കണമെന്നുള്ള വാദഗതി, ക്രിമിനല്‍ നീതിനിര്‍വഹണത്തിലെ രജതരേഖയാണെന്നാണ് ഹൌസ് ഒഫ് ലോഡ്സ് അഭിപ്രായപ്പെട്ടത്.

ഈ തത്ത്വം തന്നെയാണ് രാമദാസ് വി മഹാരാഷ്ട്രാ സ്റ്റേറ്റ് (19772 SCC 124) എന്ന കേസില്‍ ഇന്ത്യന്‍ സുപ്രീംകോടതിയും അംഗീകരിച്ചത്. ഭര്‍ത്താവ് ബലപ്രയോഗം നടത്തി ഭാര്യയ്ക്കു എലിവിഷം കൊടുത്തുകൊന്നുവെന്നായിരുന്നു പ്രതിയുടെ മേലുള്ള പ്രോസിക്യൂഷന്‍ ചാര്‍ജ്. ഭാര്യാഭര്‍ത്താക്കന്മാര്‍ നിരന്തരം കലഹത്തിലേര്‍പ്പെട്ടിരുന്നുവെന്നും, ഭാര്യയെ ഉപേക്ഷിക്കുമെന്ന് ഭാര്യയുടെ അമ്മാവന് പ്രതി എഴുതി അയച്ചിരുന്നുവെന്നും, ഈ കാലഘട്ടത്തില്‍ എലിപ്പാഷാണം മൂലം ഭാര്യ മരിച്ചുവെന്നും, പ്രോസിക്യൂഷന്‍ സമര്‍ഥിച്ചു. ഈ സാഹചര്യത്തില്‍ ഭര്‍ത്താവ് എലിവിഷം കൊടുത്ത് ഭാര്യയെ കൊന്നുവെന്നുള്ള നിഗമനത്തിലാണ്, വിസ്താരക്കോടതിയും ആദ്യത്തെ അപ്പീല്‍ കോടതിയും ഹൈക്കോടതിയും എത്തിച്ചേര്‍ന്നത്. മരിച്ച സ്ത്രീ സ്വമേധയാ വിഷംകഴിച്ചു മരിച്ചതാണെന്നുള്ള പ്രതിയുടെ തര്‍ക്കം ഒരു പക്ഷേ ശരിയായിരിക്കാനുള്ള സാധ്യത അല്പമെങ്കിലും ഉണ്ടെങ്കില്‍, ആ സംശയത്തിന്റെ ആനുകൂല്യം പ്രതിക്കു നല്കണമെന്നാണ് സുപ്രീംകോടതി തീരുമാനിച്ചതും അയാളെ വിട്ടയച്ചതും.

കുറ്റകൃത്യത്തിന്റെ അംശങ്ങളായി സാധാരണനിലയില്‍ കുറ്റകൃത്യവും അപരാധമനഃസ്ഥിതിയും ഉണ്ടായിരിക്കണമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളില്‍ അപരാധ മനഃസ്ഥിതിയില്ലെങ്കില്‍പ്പോലും, ചില കുറ്റങ്ങള്‍ക്ക് പ്രതിയെ കുറ്റവാളിയാക്കാറുണ്ട്. ഇതിനുവേണ്ടി നിയമസഭകള്‍ പ്രത്യേകമായി നിയമങ്ങള്‍ പാസാക്കുന്നു. രക്ഷാകര്‍ത്താക്കളുടെ സംരക്ഷണയിലിരിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അപഹരിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇങ്ങനെ അപഹരിക്കുന്നതിന് അപരാധമനഃസ്ഥിതി ഉണ്ടാകണമെന്നില്ല. പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് അവരുടെ ഇഷ്ടംപോലെ സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പെണ്‍കുട്ടിയെ, ആകാരപുഷ്ടിയാല്‍ പ്രായപൂര്‍ത്തിയെത്തിയവളെന്നു കരുതി, അവളുടെ സമ്മതത്തോടെ തന്നെ, നിയമപ്രകാരമുള്ള അവളുടെ രക്ഷാകര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുന്ന അവളുടെ കാമുകന്‍ ശിക്ഷാര്‍ഹനാണ്. ഒരാള്‍, നിയമപ്രകാരം വിവാഹമോചനം നേടാത്ത ഒരു സ്ത്രീയെ അവരുടെ സമ്മതത്തോടെതന്നെ, അവളുടെ ഭര്‍ത്തൃഗൃഹത്തില്‍ നിന്നു വിളിച്ചുകൊണ്ടുവന്ന്, തന്റെ കൂടെ താമസിപ്പിക്കുകയോ അവളെ വിവാഹം ചെയ്യുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. ഇത്തരം കേസുകളില്‍ പ്രതിയുടെ ഉത്തമവിശ്വാസം അയാളെ ശിക്ഷയില്‍ നിന്നു മുക്തനാക്കുന്നില്ല.

ഒരാള്‍, വേണ്ട കാര്യങ്ങള്‍ വേണ്ടസമയത്തു ചെയ്യുന്നില്ലെങ്കില്‍ അതു കുറ്റമായി വ്യാഖ്യാനിക്കപ്പെടും. താന്‍ പ്രസവിച്ച കുഞ്ഞിന് ആഹാരം കൊടുക്കാതെ അതിന്റെ മരണത്തിനിടയാക്കുന്ന സ്ത്രീ കൊലപാതകക്കുറ്റത്തിന് ഉത്തരവാദിയാകും.

കള്ളനാണയമെന്ന അറിവില്ലാതെയാണെങ്കില്‍പ്പോലും, കള്ളനാണയം കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. കള്ളനാണയം നിര്‍മിക്കുന്നതിനുള്ള അച്ചുകള്‍ കൈവശം വന്നുചേര്‍ന്നാല്‍, അതില്‍ താന്‍ നിരപരാധിയാണെങ്കില്‍പ്പോലും, അയാള്‍ കുറ്റവാളിയായിത്തീരും.

ബ്രിട്ടീഷ് ഭരണകാലത്ത് 1860-ലെ 45-ാം നിയമമായിട്ടാണ് ഒരു സമ്പൂര്‍ണശിക്ഷാനിയമം ഇന്ത്യയിലൊട്ടാകെ പ്രാബല്യത്തില്‍ വന്നത്. അന്നു നിലവിലിരുന്ന ഇന്ത്യന്‍ ലോ കമ്മിഷനിലെ ലോ മെമ്പറായിരുന്ന മെക്കാളെ പ്രഭുവാണ് ഇന്ത്യന്‍ ശിക്ഷാനിയമം എഴുതിത്തയ്യാറാക്കിയത്. ഇംഗ്ലീഷ് സാഹിത്യകാരനും ചരിത്രകാരനും ബാരിസ്റ്ററുമായിരുന്ന മെക്കാളെ ഒരു കേസു നടത്തിയുള്ള പരിചയം പോലുമുണ്ടായിരുന്നില്ല. 1860-ല്‍ പാസ്സാക്കിയ ഇന്ത്യന്‍ ശിക്ഷാനിയമം ഒരു നൂറ്റാണ്ടിലേറെക്കാലമായി പ്രാബല്യത്തിലിരിക്കുന്നു. ബ്രിട്ടന്റെ ആധിപത്യത്തിലിരുന്ന മറ്റു ചില കോളനികളിലും ഈ നിയമം പ്രചാരത്തിലിരുന്നു. കോളനികള്‍ സ്വാതന്ത്ര്യ നേടിയതിനുശേഷം, ഈ ശിക്ഷാനിയമത്തിലെ ചില വകുപ്പുകളില്‍ ഭേദഗതികള്‍ വരുത്താന്‍ നടത്തിയ ശ്രമം സഫലമായില്ല എന്നത് മെക്കാളെ പ്രഭുവിന്റെ നിയമനിര്‍മാണ വൈദഗ്ധ്യത്തിനു തെളിവാണ്. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നു സ്വാതന്ത്ര്യ നേടിയപ്പോള്‍ നിയമനിര്‍മാണ പരിഷ്കരണത്തിനുവേണ്ടി ഏഡന്‍ ഒരു ലോ കമ്മിഷനെ നിയമിച്ചിരുന്നു. സുപ്രസിദ്ധ ഇംഗ്ലീഷ് നിയമവിദഗ്ധന്മാരടങ്ങിയ ഈ കമ്മിഷന് മെക്കാളെ തയ്യാറാക്കിയ ശിക്ഷാനിയമത്തിനു കാര്യമായ യാതൊരു ഭേദഗതിയും വരുത്താന്‍ കഴിഞ്ഞില്ലെന്ന് കംപാരറ്റീവ് ക്വാര്‍ട്ടര്‍ലി (1955, വാല്യം 4, പേജ് 549)യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കുറ്റങ്ങളുടെ വിഭജനം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ആദ്യ അധ്യായങ്ങളില്‍ (1-120 ബി വകുപ്പുകള്‍) കുറ്റങ്ങളുടെ വ്യാപ്തി, അപവാദങ്ങള്‍ മുതലായവ അടങ്ങിയിരിക്കുന്നു. ജമ്മു-കാശ്മീര്‍ സംസ്ഥാനമൊഴികെ, ഇന്ത്യന്‍യൂണിയന്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ നിവസിക്കുന്ന എല്ലാവര്‍ക്കും ബാധകമായിട്ടുള്ളതാണ് ഈ ശിക്ഷാനിയമം. ഇന്ത്യക്കാര്‍ മറ്റു രാജ്യങ്ങളില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക്, അവര്‍ ഇന്ത്യയില്‍ മടങ്ങിയെത്തുമ്പോള്‍, ഇന്ത്യന്‍ കോടതികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് വിസ്തരിക്കപ്പെടാവുന്നതാണ്. ഏതു സമുദ്രത്തില്‍ വച്ചായാലും, ഇന്ത്യന്‍ കപ്പലിലുള്ളവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അവരെ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ചു വിസ്തരിക്കാം. വിദേശികള്‍ ഇന്ത്യന്‍ രാജ്യാതിര്‍ത്തിക്കുള്ളില്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് അവരെ ഇന്ത്യന്‍ കോടതികളില്‍ വിസ്തരിക്കാം. രണ്ടാം അധ്യായത്തിലാണ് (6-52 എ വകുപ്പുകള്‍) നിര്‍വചനങ്ങള്‍ കൊടുത്തിട്ടുള്ളത്. 53-75 വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന മൂന്നാം അധ്യായത്തിലാണ് വിവിധതരം ശിക്ഷകളെപ്പറ്റിയുള്ള വിവരണങ്ങളുള്ളത്. വധം, ജീവപര്യന്തത്തടവ്, വസ്തു കണ്ടുകെട്ടല്‍, പിഴ എന്നിവയാണ് ശിക്ഷകള്‍. ഏകാന്തത്തടവിനു ചില ഉപാധികളുണ്ട്. തുടര്‍ച്ചയായി 14 ദിവസത്തില്‍ കവിഞ്ഞ കാലത്തേക്ക് ഒരാളെ ഏകാന്തത്തടവില്‍ വച്ചുകൊണ്ടിരിക്കുവാന്‍ പാടില്ല. കൂടുതല്‍ കാലത്തേക്കുള്ള ഏകാന്തത്തടവ്, മാസത്തില്‍ ഒരാഴ്ചയില്‍ കവിയാതെ ഇടക്കാലയിളവു നല്കി മാത്രമേ ആകാവൂ.

76-106 വകുപ്പുകള്‍ അടങ്ങുന്ന നാലാം അധ്യായത്തില്‍ എല്ലാ കുറ്റങ്ങള്‍ക്കും ബാധകമായ പൊതു അപവാദങ്ങള്‍ അടങ്ങിയിരിക്കുന്നു. ആത്മരക്ഷ, ഭ്രാന്ത്, നിയമാനുസരണമായി ജഡ്ജിമാര്‍ വിധിക്കുന്ന ശിക്ഷകള്‍, ഏഴു വയസ്സിനു താഴെയുള്ള ശൈശവാവസ്ഥ എന്നീ കാരണങ്ങള്‍മൂലം ഒരാള്‍ ചെയ്യുന്ന കുറ്റത്തിനു അയാള്‍ ശിക്ഷാര്‍ഹനാകുകയില്ല.

107-120 വകുപ്പുകള്‍ അടങ്ങുന്ന അഞ്ചാം അധ്യായത്തില്‍ കുറ്റകൃത്യത്തിനു പ്രേരണ നല്കുന്നവര്‍ക്കുള്ള ശിക്ഷകളും 120 എ.ബി. വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന 5 എ-അധ്യായത്തില്‍ ഗൂഢാലോചനക്കുറ്റത്തിനുള്ള ശിക്ഷകളും അടങ്ങിയിരിക്കുന്നു. 121-511 വകുപ്പുകള്‍ അടങ്ങിയിട്ടുള്ളതാണ് 6-23 അധ്യായങ്ങള്‍. ഈ വകുപ്പുകളില്‍ ഓരോ കുറ്റത്തിന്റെയും വിവരണവും അതിനുള്ള ശിക്ഷയും വിവരിച്ചിട്ടുണ്ട്. 121-294 എ വകുപ്പുകളിലാണ് സ്റ്റേറ്റിനെതിരെയുള്ള കുറ്റങ്ങള്‍ പ്രതിപാദിച്ചിട്ടുള്ളത്. 121-130 (6-ാം അധ്യായം) വകുപ്പുകളില്‍ ഗവണ്‍മെന്റിനെതിരായുള്ള യുദ്ധം, രാജ്യദ്രോഹം എന്നിവയും 7-ാം അധ്യായത്തില്‍ 131-140 വകുപ്പുകളില്‍ കരസേന, നാവികസേന, വ്യോമസേന എന്നിവയെ സംബന്ധിക്കുന്ന കുറ്റങ്ങളും വിവരിച്ചിട്ടുണ്ട്.

പൊതുസമാധാന ലംഘനം; ക്രമസമാധാനനില പാലിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരായ കുറ്റങ്ങള്‍; നീതിന്യായക്കോടതികളുടെ സുഗമമായ പ്രവര്‍ത്തനത്തിനെതിരായ കുറ്റങ്ങള്‍; പൊതുജനാരോഗ്യം, പൊതുനന്മ, അളവുകളും തൂക്കങ്ങളും, സ്റ്റാമ്പു നിര്‍മാണം, മര്യാദയുള്ള പെരുമാറ്റം, സാന്മാര്‍ഗിക നടപടി എന്നിവയോടു ബന്ധപ്പെട്ട കുറ്റങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് 8-14 അധ്യായങ്ങള്‍ (141-294 എ വകുപ്പുകള്‍). നിയമവിരുദ്ധമായി സംഘം ചേരുക, നിയമവിരുദ്ധസംഘങ്ങളില്‍ മാരകായുധങ്ങളോടുകൂടി പങ്കുകൊള്ളുക, അനിയന്ത്രിതവും അക്രമാസക്തവുമായ കലഹങ്ങളില്‍ ഏര്‍പ്പെടുക എന്നിവകളെ 141-ാം വകുപ്പ് ശിക്ഷാര്‍ഹമാക്കുന്നു. അഞ്ചോ അതില്‍ക്കൂടുതല്‍ പേരോ അടങ്ങുന്ന അക്രമാസക്തമായ സംഘം നിയമവിരുദ്ധമായ സംഘമായിരിക്കും. ഔദ്യോഗികകൃത്യത്തിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥന്മാരെയോ അവരുടെ സഹായികളെയോ ഉപദ്രവിക്കുകയോ അവരുടെ കൃത്യനിര്‍വഹണത്തിനു തടസ്സമുണ്ടാക്കുകയോ ചെയ്യുന്നതു ശിക്ഷാര്‍ഹമാണ്. സമുദായ സൌഹാര്‍ദത്തിനും മതസഹിഷ്ണുതയ്ക്കുമെതിരായി വര്‍ഗീയ വികാരവും വൈരാഗ്യവും ജനിപ്പിക്കത്തക്ക പ്രവൃത്തികളും പ്രസംഗവും ചെയ്യുന്നവരും ശിക്ഷയ്ക്കു വിധേയരാകും. അക്രമാസക്തമായ സംഘം കൂട്ടുചേരുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്‍പോലും ശിക്ഷാര്‍ഹനാകും. പൊതുസ്ഥലങ്ങളില്‍ കൂട്ടംചേര്‍ന്ന് അക്രമം പ്രവര്‍ത്തിക്കുന്നവരും നിയമസമാധാനലംഘനത്തിന് ഉത്തരവാദികളായി ശിക്ഷിക്കപ്പെടും. ഉദ്യോഗസ്ഥന്മാര്‍ കൈക്കൂലി വാങ്ങുന്നതും അവര്‍ക്കു കൈക്കൂലി കൊടുക്കുന്നതും ശിക്ഷാര്‍ഹമാണ് (9-ാം അധ്യായം; 161-171) വകുപ്പുകള്‍). അഴിമതിനിവാരണത്തിന് ഒരു പ്രത്യേകനിയമം തന്നെ ഉണ്ടാക്കിയിട്ടുണ്ട് (1947-ലെ അഴിമതി നിവാരണനിയമം). തിരഞ്ഞെടുപ്പു സംബന്ധിച്ച കുറ്റങ്ങളും അവയുടെ ശിക്ഷകളുമാണ് 9 എ അധ്യായത്തില്‍ (171 എ-ഐ) അടങ്ങിയിട്ടുള്ളത്. കൈക്കൂലി, ആള്‍മാറാട്ടം, കള്ളവോട്ടു രേഖപ്പെടുത്തല്‍, അനര്‍ഹമായ ദുഃസ്വാധീനം (Undue Influence) ചെലുത്തല്‍ എന്നിവയൊക്കെ കുറ്റകൃത്യങ്ങളാണ്. തിരഞ്ഞെടുപ്പു കുറ്റങ്ങള്‍ ജനപ്രാതിനിധ്യനിയമത്തിലടങ്ങിയിട്ടുണ്ടെങ്കിലും അവ പാര്‍ലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകള്‍ക്കുമാത്രം ബാധകമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, കമ്പനി നിയമമനുസരിച്ചുള്ള കമ്പനികള്‍ എന്നിവയിലെ തിരഞ്ഞെടുപ്പു കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥകള്‍ തന്നെയാണാധാരം.

10-ാം അധ്യായത്തില്‍ (172-190 വകുപ്പുകള്‍) സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനുവേണ്ടി നല്കുന്ന കല്പനകള്‍ പൊതുജനങ്ങള്‍ അനുസരിക്കാതെയും അവയുമായി സഹകരിക്കാതെയും സമന്‍സ് സ്വീകരിക്കാതെയും മനഃപൂര്‍വം കള്ളം പറയുകയും ചെയ്യുന്ന കുറ്റങ്ങള്‍ക്കു ശിക്ഷ നല്കുന്നു. 191-229 വകുപ്പുകളില്‍ (11-ാം അധ്യായം) കോടതികളില്‍ കള്ളസ്സാക്ഷി പറയുന്നതും കേസുകളില്‍ ഹാജരാക്കുന്നതിനു കൃത്രിമമായി കള്ളപ്രമാണങ്ങള്‍ രചിക്കുന്നതും കുറ്റകൃത്യം കണ്ടുപിടിക്കാതിരിക്കുന്നതിനുവേണ്ടി തെളിവുകള്‍ നശിപ്പിക്കുന്നതും മറച്ചുവയ്ക്കുന്നതും ശിക്ഷാര്‍ഹമാകുന്നു. അറസ്റ്റിനധികാരമുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റുചെയ്യാന്‍ വരുമ്പോള്‍ ആ ഉദ്യോഗസ്ഥനെയോ സഹായികളെയോ ചെറുക്കുന്നതോ അവര്‍ക്കു തടസ്സമുണ്ടാക്കുന്നതോ കുറ്റകരമാണ്. കൈയില്‍ കിട്ടിയ പ്രതിയെ വിടുകയോ വിടാന്‍ സഹായിക്കുകയോ ചെയ്യുന്ന സര്‍ക്കാരുദ്യോഗസ്ഥന്മാരും ശിക്ഷയ്ക്കു വിധേയരാണ്. കസ്റ്റഡിയിലെടുത്ത മോഷണവസ്തുക്കള്‍ തിരിച്ചു നല്കുകയോ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും ശിക്ഷാര്‍ഹരാണ്. ഗൌരവതരമായ കുറ്റങ്ങള്‍ ചെയ്തവര്‍ക്കും മോഷ്ടാക്കള്‍ക്കും കവര്‍ച്ചക്കാര്‍ക്കും കൂട്ടായ്മക്കവര്‍ച്ചക്കാര്‍ക്കും അഭയം നല്കുന്നതും വലിയ കുറ്റമാണ്.

വ്യാജനാണയങ്ങള്‍, വ്യാജസ്റ്റാമ്പുകള്‍, കള്ളത്തൂക്കങ്ങള്‍ മുതലായവ നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരെ ശിക്ഷാര്‍ഹരാക്കുന്നതാണ് 230-267 വകുപ്പുകള്‍ (12-13 അധ്യായങ്ങള്‍). പൊതുജനങ്ങള്‍ക്കു ഉപദ്രവമുണ്ടാക്കുന്ന പ്രവൃത്തികള്‍ പൊതുനിരത്തുകളില്‍ ചെയ്യുന്നതും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കത്തക്കവണ്ണം പെരുമാറുന്നതും പൊതുവീഥികളില്‍ അശ്രദ്ധയോടെ വാഹനങ്ങള്‍ ഓടിച്ചു ജീവഹാനിയുണ്ടാകത്തക്കവിധത്തില്‍ പ്രവര്‍ത്തിക്കുന്നതും, ഭക്ഷ്യസാധനങ്ങളിലും ഔഷധങ്ങളിലും മായം ചേര്‍ക്കുക, വായുവും വെള്ളവും മലിനമാകത്തക്ക വിധത്തില്‍ പ്രവര്‍ത്തിക്കുക, അശ്ളീലസാഹിത്യം പ്രചരിപ്പിക്കുക, ഗവണ്‍മെന്റിന്റെ അനുവാദം കൂടാതെ ഭാഗ്യക്കുറികള്‍ നടത്തുക എന്നിവയും ശിക്ഷാര്‍ഹമാണെന്ന് 14-ാം അധ്യായം (268-294 എ വകുപ്പുകള്‍) സമര്‍ഥിക്കുന്നു.

15-ാം അധ്യായത്തില്‍ 295-298 വകുപ്പുകള്‍) മത താത്പര്യസംരക്ഷണത്തിനെതിരെയുള്ള കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷകളും പ്രതിപാദിച്ചിരിക്കുന്നു. ഏതെങ്കിലും മതാനുയായികളുടെ മതവികാരങ്ങളെ നിന്ദിക്കണമെന്ന ഉദ്ദേശ്യത്തോടെ അവരുടെ ആരാധനാലയങ്ങളെ അശുദ്ധമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതും ഇതരമതസ്ഥരുടെ വികാരങ്ങള്‍ക്കു ക്ഷതം വരുത്തുകയും അവരുടെ മതങ്ങളെ നിന്ദിക്കുകയും ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. ആരാധനാസംഘങ്ങളെ ശല്യപ്പെടുത്തുന്നതും ആരാധനാകര്‍മങ്ങള്‍ക്കു വിഘ്നങ്ങളുണ്ടാക്കുന്നതും ശ്മശാനസ്ഥലങ്ങളിലും മറ്റും പ്രവേശിച്ച് മതവികാരങ്ങള്‍ക്കു ക്ഷതമുണ്ടാക്കുന്നതും ശിക്ഷാര്‍ഹമാണ്.

കരാര്‍ലംഘനത്തിനു പ്രേരിപ്പിക്കുന്നവരെയും കരാര്‍ ലംഘനം നടത്തുന്നവരെയും ശിശുപ്രായത്തിലുള്ളവര്‍ക്കും മനസ്സിന്റെ അസ്ഥിരതമൂലം നിസ്സഹായരായി തീര്‍ന്നിട്ടുള്ളവര്‍ക്കും പട്ടിണി മുതലായ ദോഷാനുഭവങ്ങള്‍ക്കിടയാക്കുന്നവരെയും ശിക്ഷിക്കുന്നതാണ് 491-ാം വകുപ്പ് (19-ാം അധ്യായം).

വിവാഹസംബന്ധമായ കുറ്റങ്ങള്‍ക്കു ശിക്ഷ നിര്‍ദേശിക്കുന്നതാണ് 20-ാം അധ്യായം (493-498 വകുപ്പുകള്‍). പരപുരുഷസംഗം, പരഭാര്യാസംഗം (Adultery), വ്യഭിചാരം, അവിവാഹിതനെന്ന് വ്യാജമായി സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടല്‍ എന്നിവ ശിക്ഷാര്‍ഹങ്ങളാണ്. പരപുരുഷഭാര്യാസംഗത്തിന് ഏഴുകൊല്ലവും അവിവാഹിതനെന്ന വ്യാജേന അന്യസ്ത്രീകളുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നതിന് പത്തു കൊല്ലവും ആണ് തടവുശിക്ഷ. നിയമപ്രകാരമുള്ള ഒരു വിവാഹം നിലവിലുള്ളപ്പോള്‍ ഭര്‍ത്താവോ ഭാര്യയോ രണ്ടാമതൊരു വിവാഹബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് ഏഴുകൊല്ലം വരെ തടവും പിഴയും ശിക്ഷ നല്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.

ശാരീരികഹേമദണ്ഡങ്ങള്‍ ഒരു മനുഷ്യനില്‍ ഏല്പിക്കാവുന്നതില്‍ വച്ചേറ്റവും ഗൌരവതരമായതും ജീവനെ ബാധിക്കുന്നതുമായ നരഹത്യ, കൊലപാതകം, ഗൌരവമായ ശാരീരിക മുറിവുകള്‍, അന്യായത്തടങ്കല്‍, കൈയേറ്റം, ഭീഷണിപ്പെടുത്തല്‍, മനുഷ്യരെ-പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷയും ആണ് 16-ാം അധ്യായത്തില്‍ ചേര്‍ത്തിട്ടുള്ളത് (299-377 വകുപ്പുകള്‍)

അശ്രദ്ധമൂലം (ഉദാ. ഡ്രൈവിങ്) ഒരാള്‍ മറ്റൊരാളുടെ മരണത്തിനിടയാക്കുമെങ്കില്‍ അയാള്‍ രണ്ടു വര്‍ഷത്തെ തടവിനു വിധേയനാകും. ആത്മഹത്യയ്ക്കു മുതിരുകയോ ആയതിലേക്കു 18 വയസ്സില്‍ താഴെയുള്ളവരെയോ മാനസികരോഗികളെയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. ആരെയെങ്കിലും കൊല്ലാന്‍ ശ്രമിക്കുന്നവര്‍ക്ക് പത്തുകൊല്ലം വരെയുള്ള കഠിനതടവും കുറ്റവാളിയുടെ ആക്രമണത്തിനു വിധേയരായവര്‍ക്കു സാരമായ മുറിവുകളേറ്റിട്ടുണ്ടെങ്കില്‍ ജീവപര്യന്തത്തടവും ശിക്ഷ വിധിക്കും. ജീവപര്യന്തത്തടവുശിക്ഷയ്ക്കു വിധേയനായി കഴിയുന്ന ഒരു ജയില്‍പ്പുള്ളി മറ്റൊരാളെ കൊല്ലാന്‍ ശ്രമിക്കുകയും അയാളെ മുറിവേല്പിക്കുകയും ചെയ്താല്‍ കുറ്റവാളിക്കു വധശിക്ഷ തന്നെ വിധിക്കണമെന്നാണ് 307-ാം വകുപ്പ് അനുശാസിക്കുന്നത്.

നിയമാനുസൃതമല്ലാതെ നടത്തുന്ന ഭ്രൂണഹത്യ ശിക്ഷാര്‍ഹമാണ്. എന്നാല്‍ മാതാവിന്റെ ജീവരക്ഷാര്‍ഥം ഒരു ഡോക്ടര്‍ക്ക് ഗര്‍ഭസ്ഥശിശുവിനെ ഹനിക്കേണ്ടിവന്നാല്‍ അത് ശിക്ഷാര്‍ഹമാകുകയില്ല. സാരമായ മുറിവുകള്‍ ഏതൊക്കെയെന്ന് ശിക്ഷാനിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു പുരുഷന്റെ പുരുഷത്വം നശിപ്പിക്കത്തക്കവിധത്തിലുള്ള അംഗവിച്ഛേദം, കണ്ണ്, ചെവി, കൈ-കാല്‍മുട്ടുകള്‍ എന്നീ അവയവങ്ങള്‍ക്ക് നാശം വരുത്തല്‍, തലയ്ക്കോ മുഖത്തിനോ സ്ഥായിയായ വൈകല്യം വരുത്തല്‍, പല്ലോ എല്ലോ തകര്‍ക്കല്‍, ജീവാപായകരമായ മുറിവേല്പിക്കല്‍, കഠിനമായ മുറിവേറ്റതുമൂലം 20 ദിവസത്തില്‍ കുറയാത്ത കാലത്തേക്ക് ഒരാള്‍ക്ക് സാധാരണ ജോലികള്‍ ചെയ്യാന്‍ കഴിവില്ലാതെ കഠിനമായ ശാരീരികവേദന അനുഭവിക്കേണ്ടിവരുന്ന അവസ്ഥ എന്നിവയൊക്കെ സാരമായ ശാരീരികമുറിവുകളില്‍പ്പെടുന്നു. പ്രകൃതിവിരുദ്ധമായ സംഭോഗം, മൈനറായ പെണ്‍കുട്ടിയെ വ്യഭിചാരത്തിനുവേണ്ടി വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക, അടിമവേല ചെയ്യിക്കുക, നിയമവിരുദ്ധമായി ജോലിക്കാരെക്കൊണ്ട് കഠിനവേല ചെയ്യിക്കുക എന്നിവയും ശിക്ഷാര്‍ഹമാണ്.

വസ്തുവകകളെ സംബന്ധിച്ച കുറ്റങ്ങള്‍ 17,18 അധ്യായങ്ങളില്‍ (378-489 ഇ. വകുപ്പുകള്‍) വസ്തുവകകളെ സംബന്ധിച്ച കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷകളും വിവരിച്ചിട്ടുണ്ട്. മോഷണം, കവര്‍ച്ച, കൊള്ള, കൂട്ടായ്മക്കവര്‍ച്ച, വസ്തുവകകളുടെ കുറ്റകരമായ അപഹരണം, കുറ്റകരമായ വിശ്വാസവഞ്ചന എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഉടമസ്ഥന്റെയോ കൈവശക്കാരന്റെയോ അനുവാദംകൂടാതെ ഭൗതികസാധനങ്ങള്‍ വ്യാജമായി കൈമാറുന്നതും എടുക്കുന്നതുമാണ് മോഷണം. മോഷ്ടിച്ചവയാണെന്നറിഞ്ഞുകൊണ്ട് മോഷണസാധനങ്ങള്‍ സ്വീകരിക്കുന്നയാളും ശിക്ഷാര്‍ഹനാണ്. സത്യാവസ്ഥ മറച്ചുവച്ചുകൊണ്ട് മറ്റൊരാളെ തെറ്റിദ്ധരിപ്പിച്ച് വസ്തുവകകള്‍ അപഹരിക്കുന്നതും മറ്റുമാണ് വഞ്ചന. ദേഹോപദ്രവമേല്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വസ്തുവകകള്‍ കൈവശക്കാരനില്‍നിന്ന് അപഹരിക്കുന്നതാണ് കവര്‍ച്ച. കൈവശക്കാരനെ ഭയപ്പെടുത്തി സാധനങ്ങള്‍ എടുക്കുന്ന അവസരത്തില്‍ കൈവശക്കാരന് ദേഹോപദ്രവമോ അന്യായതടങ്കലോ മരണമോ കുറ്റവാളി ഏല്പിക്കുന്നുവെങ്കില്‍ കുറ്റവാളി കൊള്ള അഥവാ പിടിച്ചുപറി എന്നകുറ്റത്തിന് ശിക്ഷിക്കപ്പെടും. സാധാരണഗതിയില്‍ ഇതിന് പത്തുകൊല്ലത്തെ തടവാണ് ശിക്ഷ. എന്നാല്‍ പൊതുനിരത്തില്‍ വച്ച് രാത്രികാലത്താണ് കുറ്റകൃത്യം നടത്തിയതെങ്കില്‍ 14 വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന തടവാണ് ശിക്ഷ. വിശ്വാസത്തിന്മേല്‍ ജംഗമസ്ഥാവര വസ്തുക്കള്‍ ഏല്പിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ആ വിശ്വാസത്തിനെതിരായി ആ സാധനങ്ങള്‍ അപഹരിക്കുകയോ അന്യാധീനപ്പെടുത്തുകയോ ചെയ്താല്‍ അയാള്‍ പിഴയ്ക്കും തടവുശിക്ഷയ്ക്കും (3 കൊല്ലം) വിധേയനാകും.

ആള്‍മാറാട്ടം നടത്തുക, തന്റെ സംരക്ഷണയിലിരിക്കുന്ന വ്യക്തിയുടെ വസ്തുവകകളെ അവയ്ക്കു നാശം സംഭവിക്കുമെന്ന അറിവോടുകൂടി ചതിവുകാണിക്കുക എന്നിവ കൂടുതല്‍ ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് (418, 419, 420 വകുപ്പുകള്‍).

കൃത്രിമമായി ആധാരങ്ങള്‍ ചമയ്ക്കുക, കള്ളപ്രമാണങ്ങള്‍ ഉണ്ടാക്കി കടക്കാരെ തോല്പിക്കാന്‍വേണ്ടി വസ്തുക്കളെ അന്യാധീനം ചെയ്യുക, ഉത്തമവിശ്വാസമില്ലാതെ കള്ളപ്പേരുകളില്‍ ബിനാമി ആയി വസ്തുക്കള്‍ വാങ്ങുക, വില്‍ക്കുക എന്നിവയൊക്കെ ശിക്ഷാര്‍ഹങ്ങളായ കുറ്റങ്ങളാണ് (421-424 വകുപ്പുകള്‍). വസ്തുനശിപ്പിക്കല്‍, തീവയ്പ് തുടങ്ങിയ കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷകളും 425-439 വകുപ്പുകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. വസ്തു നശീകരണത്തിനുവേണ്ടി തന്റെ എതിരാളിയെ തടങ്കലില്‍ വയ്ക്കുന്നതിനോ മുറിവേല്പിക്കുന്നതിനോ കൊല്ലുന്നതിനോ തയ്യാറെടുത്തുപോകുന്ന കുറ്റവാളിക്കു പിഴയോടുകൂടിയ 5 കൊല്ലത്തെ വെറും തടവോ കഠിനതടവോ ശിക്ഷ നല്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 440-ാം വകുപ്പ്.

അക്രമകരമായ വസ്തുകൈയേറ്റം, ഭവനഭേദനം, ഒളിച്ചിരുന്നുള്ള ഭവനഭേദനം, ഭവനപ്രവേശനം, രാത്രിയിലുള്ള ഭവനപ്രവേശനം, ഭവനത്തില്‍ താമസിക്കുന്നവരെ കൊല്ലുന്നതിനുവേണ്ടി അസമയത്തു വീട്ടിനുള്ളില്‍ കടക്കുക, ബലാത്സംഗത്തിനുവേണ്ടി രാത്രികാലങ്ങളില്‍ വീടുകളില്‍ പ്രവേശിക്കുക എന്നിവയൊക്കെ 441-462 വകുപ്പുകളാല്‍ ശിക്ഷാര്‍ഹങ്ങളാണ്. ഭവനഭേദനത്തിന്റെ വിവിധ രീതികള്‍ 445-ാം വകുപ്പില്‍ പ്രതിപാദിച്ചിട്ടുണ്ട്.

കള്ളയൊപ്പിടല്‍, കള്ളയാധാരം ചമയ്ക്കല്‍, വ്യാജവാണിജ്യമുദ്ര, വസ്തുവകകളുടെ ഉടമസ്ഥാവകാശ ചിഹ്നം എന്നിവ വ്യാജമായി നിര്‍മിക്കല്‍, കള്ളനോട്ടുകളും ബാങ്കുസ്റ്റാമ്പുകളും നിര്‍മിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളാണ് 463-489 ഇ വകുപ്പുകളിലുള്ളത്. കള്ളയൊപ്പിടുന്നതും മറ്റും മനഃപൂര്‍വം ദ്രവ്യാപഹരണത്തിനുവേണ്ടി മാത്രമാണെങ്കിലേ ശിക്ഷാര്‍ഹമാകുകയുള്ളൂ. ഡോ. വിമല v. ഡല്‍ഹി അഡ്മിനിസ്റ്റ്രേഷന്‍ (AIR 1962 SC 1572) എന്ന കേസില്‍ ഡോ. വിമല ആറുമാസം പ്രായമുള്ള തന്റെ മകള്‍ നളിനിയുടെ പേരില്‍ ഒരു കാര്‍ വാങ്ങി ഇന്‍ഷ്വര്‍ ചെയ്തു. കാര്‍ രണ്ട് അപകടങ്ങളില്‍പ്പെട്ടപ്പോള്‍ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും കിട്ടേണ്ട പ്രതിഫലത്തുക തന്റെ മകള്‍ നളിനിയുടെ ഒപ്പിട്ടു വിമല വാങ്ങി. കള്ള ഒപ്പിട്ടു എന്ന കുറ്റത്തിന് വിമല പ്രോസിക്യൂട്ട് ചെയ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി അവരെ വെറുതെ വിടുകയാണുണ്ടായത്. അവരുടെ സ്വന്തം പണം കൊടുത്ത് കാര്‍ വാങ്ങി; അവര്‍തന്നെ ഇന്‍ഷ്വര്‍ ചെയ്തു; നിയമപ്രകാരം ശിശുവിന്റെ പേരില്‍ രക്ഷാകര്‍ത്താവായി പണം വാങ്ങേണ്ടിയിരുന്നതും അവര്‍തന്നെ എന്നീ കാരണങ്ങളാലാണ് അവരെ വെറുതേ വിട്ടത്.

സി.എസ്. ബാന്‍സാല്‍, v ഡല്‍ഹി അഡ്മിനിസ്ട്രേഷന്‍ (1963 Crl LJ 439 SC) എന്ന കേസില്‍ ഒരാള്‍ തന്റെ അച്ഛന്റെ മരണശേഷം അച്ഛന്റെ പേരില്‍ പോസ്റ്റ്ഓഫീസ് സേവിങ്സ് ബാങ്കില്‍ ഉണ്ടായിരുന്ന പണം അച്ഛന്റെ കള്ളയൊപ്പിച്ചു വാങ്ങിയെന്നായിരുന്നു ചാര്‍ജ്. നിയമമനുസരിച്ച് കോടതിയില്‍ നിന്ന് പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രം ലഭിക്കുമായിരുന്ന കാലതാമസവും പണച്ചെലവും ഭയന്ന് മകന്‍ അച്ഛന്റെ കള്ളയൊപ്പിട്ടു വാങ്ങിയത്. അച്ഛന്റെ പണം തനിക്കു കിട്ടാനുള്ളതാണെന്നും ആര്‍ക്കും ധനപരമായ നഷ്ടം നേരിടാത്തതിനാല്‍ താന്‍ കുറ്റക്കാരനല്ലെന്നുമുള്ള പ്രതിയുടെ തര്‍ക്കം കോടതി നിരാകരിച്ചു.

കോടതികളിലെ റിക്കാര്‍ഡുകള്‍ തിരുത്തുന്നത് 466-ാം വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമാണ്.

അപകീര്‍ത്തിനിയമം, നിന്ദ, ഭീഷണി, അസഹ്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ 499-510 വകുപ്പുകളില്‍ (21, 22 അധ്യായങ്ങള്‍) സത്പേര്, അഭിമാനം, സ്ത്രീകളുടെ ചാരിത്യ്രം എന്നിവയെ സംബന്ധിച്ച കുറ്റങ്ങളും ശിക്ഷകളും അടങ്ങിയിരിക്കുന്നു. അപകീര്‍ത്തിക്കുറ്റവും അതിനുള്ള ശിക്ഷയും 499-502 വരെയുള്ള വകുപ്പുകളിലാണ് അടങ്ങിയിട്ടുള്ളത്.

ഒരാള്‍ സംസാരിച്ചതോ എഴുതിയതോ ആയ വാക്കുകള്‍ കൊണ്ടോ ആംഗ്യങ്ങള്‍കൊണ്ടോ മറ്റു ദൃശ്യസൂചനകള്‍ കൊണ്ടോ വേറൊരാളുടെ സത്പേരിനു ഹാനി വരണമെന്നുള്ള ഉദ്ദേശ്യത്തോടും അറിവോടും അപ്രകാരം സംഭവിക്കുമെന്ന വിശ്വാസത്തോടും, ദുരാരോപണങ്ങളുന്നയിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന പക്ഷം അയാള്‍ ആരോപണവിധേയനെ അപകീര്‍ത്തിപ്പെടുത്തിയതായി കണക്കാക്കുന്നതായിരിക്കും. ഈ നിര്‍വചനത്തിനു ചില വിശദീകരണങ്ങളുണ്ട്. മരിച്ചയാളിനെപ്പറ്റിയുള്ള ആരോപണങ്ങള്‍, അയാള്‍ ജീവിച്ചിരിക്കുമായിരുന്നെങ്കില്‍ അപകീര്‍ത്തികരമായിരിക്കുന്നതും പരേതന്റെ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും വികാരങ്ങളെ വ്രണപ്പെടുത്താനുദ്ദേശിച്ചുള്ളവയുമാണെങ്കില്‍ ആവക ആരോപണങ്ങള്‍ അപകീര്‍ത്തികരമായിരിക്കും. അപകീര്‍ത്തിയുടെ പരിധിയില്‍ കമ്പനികളും സംഘങ്ങളും മറ്റു ഗ്രൂപ്പുകളും ഉള്‍പ്പെടും. ദ്വയാര്‍ഥങ്ങളോ വിരുദ്ധാര്‍ഥങ്ങളോ ഉള്ള പ്രസ്താവനകളും സന്ദര്‍ഭമനുസരിച്ച് അപകീര്‍ത്തികരമാകുന്നതാണ്. പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വ്യക്തിയെ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ധാര്‍മികമായും ബുദ്ധിപരമായും താഴ്ത്തിക്കാണിക്കുന്നതോ, അയാളുടെ തൊഴിലിനെ സംബന്ധിച്ചും ജാതിയെ സംബന്ധിച്ചും സ്വഭാവഹത്യയ്ക്കു കാരണമാക്കുന്നതോ, പൊതുവേ ജനസമൂഹത്തില്‍ അയാളുടെ ജനസമ്മതിക്കു ഹാനികരമാകുന്നതോ ആയ പ്രസ്താവനകള്‍ അപകീര്‍ത്തികരമായിരിക്കും. അല്ലാതുള്ളവ അപകീര്‍ത്തികരമാകുകയില്ല. അപകീര്‍ത്തിക്കുറ്റം പത്ത് അപവാദങ്ങള്‍ക്കു വിധേയമാണ്:

1.പൊതുനന്മയ്ക്കു വേണ്ടിയുള്ള സത്യപ്രസ്താവനകള്‍

2.സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ കൃത്യനിര്‍വഹണത്തെ ബാധിക്കുന്ന അവരുടെ പൊതുനടത്തയെപ്പറ്റിയുള്ള പ്രസ്താവനകള്‍.

3.സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരല്ലാത്ത പൊതുജനനേതാക്കന്മാരുടെ പെരുമാറ്റങ്ങള്‍.

4.കോടതികളില്‍ നടന്ന കേസുകളെപ്പറ്റിയും കക്ഷികളുടെയും സാക്ഷികളുടെയും പെരുമാറ്റങ്ങളെപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍.

5.കോടതി നടപടികളെ സംബന്ധിച്ചും വിധികളെ സംബന്ധിച്ചും പൊതുവേ കേസുകളെ സംബന്ധിച്ചുമുള്ള ഗുണദോഷ വിമര്‍ശനം.

6.പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളെപ്പറ്റിയും നാട്ടില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥങ്ങളെപ്പറ്റിയുമുള്ള സാഹിത്യനിരൂപണങ്ങള്‍.

7.അധികാരത്തിലിരിക്കുന്ന ഒരാള്‍ ഉത്തമവിശ്വാസത്തോടെ നല്കുന്ന ശാസനങ്ങള്‍.

8.മേലധികാരികള്‍ക്കു സങ്കടപരിഹാരാര്‍ഥം പീഡനമേറ്റവര്‍ നല്കുന്ന പരാതികള്‍.

9.വ്യക്തിതാത്പര്യ സംരക്ഷണത്തിനായുള്ള പ്രസ്താവനകള്‍.

10.ഉത്തമവിശ്വാസത്തോടെ ഒരാള്‍ മറ്റൊരാള്‍ക്കു നല്കുന്ന മുന്നറിയിപ്പുകള്‍.

ഈ പത്ത് അപവാദങ്ങളില്‍ ഏതെങ്കിലും ഒന്നില്‍പ്പെട്ടതാണ്, ഒരാള്‍ ചെയ്തെന്നു പറയുന്ന ആരോപണമെങ്കില്‍, ആയത് അപകീര്‍ത്തികരമാകുകയില്ല. ഒരു ആരോപണം സത്യമെങ്കില്‍ക്കൂടിയും ആയതു പൊതുനന്മയ്ക്കുവേണ്ടി പ്രസിദ്ധപ്പെടുത്തുന്നതു മാത്രമേ സാധുവായിരിക്കുകയുള്ളൂ. സാധാരണനിലയിലുള്ള ഗാര്‍ഹിക ജീവിതം പൊതുനന്മയെ ബാധിക്കുന്നതല്ല. ഉദാ. ഒരാള്‍ തന്റെ ഭാര്യയ്ക്കു പുറമേ മറ്റൊരു സ്ത്രീയെക്കൂടി സ്വീകരിച്ചു താമസിക്കുന്നതു നാടിന്റെ പൊതുജീവിതത്തെ ബാധിക്കുന്ന ഒന്നല്ല. എന്നാല്‍ അയാള്‍ പഞ്ചായത്തു തിരഞ്ഞെടുപ്പിലോ അസംബ്ലി തിരഞ്ഞെടുപ്പിലോ ഒരു സ്ഥാനാര്‍ഥിയായി നില്‍ക്കുകയാണെങ്കില്‍ അയാളുടെ സ്വഭാവദൂഷ്യത്തെപ്പറ്റി ആ പഞ്ചായത്തിലോ അസംബ്ലി നിയോജകമണ്ഡലത്തിലോ ഉള്ള ആര്‍ക്കെങ്കിലും പരാമര്‍ശിക്കാം.

സത്യത്തെ അടിസ്ഥാനമാക്കിയുള്ള വിമര്‍ശനം സാരാംശത്തില്‍ വസ്തുനിഷ്ഠമായിരിക്കണം. ഒരു വ്യക്തിയുടെ നടപടികളെപ്പറ്റിയും ഒരു സാഹിത്യകാരനെങ്കില്‍, അയാളുടെ കൃതികളെപ്പറ്റിയുമുള്ള നിരൂപണങ്ങളും സാരാംശത്തില്‍ വസ്തുനിഷ്ഠമായിട്ടല്ലെങ്കില്‍ ആയതു ന്യായമായ വിമര്‍ശനമായിരിക്കുകയില്ല. പത്രങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തികളുടേതില്‍ നിന്നു വ്യത്യസ്തമല്ല. അപകീര്‍ത്തി കാര്യങ്ങളില്‍ പത്രങ്ങള്‍ക്കു പ്രത്യേക സ്വാതന്ത്ര്യമൊന്നുമില്ല.

അപകീര്‍ത്തിക്കുറ്റത്തിനുള്ള ശിക്ഷ രണ്ടുകൊല്ലത്തെ വെറും തടവോ പിഴയോ രണ്ടുംകൂടിയോ ആകാം (500-ാം വകുപ്പ്). അപകീര്‍ത്തികരമായ രേഖകള്‍ അച്ചടിച്ചതോ ശിലാരൂപങ്ങളില്‍ കൊത്തിയതോ ആയിരുന്നാലും ശിക്ഷാര്‍ഹമാണ് (501-ാം വകുപ്പ്). അപകീര്‍ത്തിപ്രസ്താവനകള്‍ അടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്നത് 502-ാം വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമാണ്.

ഏതൊരാള്‍ മറ്റൊരാളുടെയോ ആ ആള്‍ക്കു താത്പര്യമുള്ള മറ്റു വ്യക്തിയുടെയോ ജീവധനാദികള്‍ക്കും അവരുടെ സത്പേരിനുതന്നെയും ഹാനി വരുത്തുമെന്നും ഭീഷണിപ്പെടുത്തി, നിയമപ്രകാരം അവര്‍ ചെയ്യേണ്ട കൃത്യങ്ങള്‍ അവരെക്കൊണ്ടു ചെയ്യിക്കാതിരിക്കുന്നതും അവര്‍ ചെയ്യാന്‍ പാടില്ലാത്ത കൃത്യങ്ങള്‍ അവരെ ഭയപ്പെടുത്തി ചെയ്യിക്കുന്നതും കുറ്റകരമായ ഭീഷണിയാണ് (503-ാം വകുപ്പ്). അതിനു രണ്ടുകൊല്ലം തടവുശിക്ഷയുമുണ്ട് (506-ാം വകുപ്പ്). ഭീഷണിക്കു വിധേയരായവരെ വധിക്കുമെന്നോ മാരകമായ മുറിവുകളേല്പിക്കുമെന്നോ അവരുടെ വസ്തുവകകള്‍ തീവച്ചു നശിപ്പിക്കുമെന്നോ സ്ത്രീകളെ അപമാനപ്പെടുത്തുമെന്നോ ഉള്ള ഭീഷണികളാണെങ്കില്‍ പിഴയോടുകൂടി ഏഴുകൊല്ലത്തെ വെറും തടവോ കഠിനതടവോ ശിക്ഷയനുഭവിക്കേണ്ടിവരും. ഈവക ഭീഷണികള്‍ അജ്ഞാതമായി നടത്തുകയാണെങ്കില്‍ മുന്‍പറഞ്ഞ ശിക്ഷയ്ക്കു പുറമേ രണ്ടുകൊല്ലം തടവുശിക്ഷ കൂടുതലായി നല്കാവുന്നതാണ് (506, 507 വകുപ്പുകള്‍). ഈശ്വരകോപത്തിനും അപ്രീതിക്കും കാരണമാകുമെന്നു പറഞ്ഞ് ഒരാളെ അയാള്‍ നിയമപ്രകാരം ചെയ്യാത്തതു ചെയ്യിക്കുന്നതും ചെയ്യേണ്ടതു ചെയ്യിക്കാതിരിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ് (508-ാം വകുപ്പ്).

ഒരാളെ മനഃപൂര്‍വം നിന്ദിക്കുകയോ ആവക നിന്ദാപ്രവൃത്തികള്‍ അപരനെ പ്രകോപിപ്പിച്ച് നിയമസമാധാനം അപകടത്തിലാക്കുമെന്നറിഞ്ഞുകൊണ്ടും മനഃപൂര്‍വം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുറ്റവാളി ശിക്ഷാര്‍ഹനാണ് (504-ാം വകുപ്പ്). ഒരു സ്ത്രീയെ അപമാനിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും ഏതെങ്കിലും വാക്കുകള്‍ ഉച്ചരിക്കുകയോ ആംഗ്യങ്ങള്‍ കാണിക്കുകയോ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയോ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയോ അത്തരം വാക്കുകളും ആംഗ്യങ്ങളും പ്രദര്‍ശനങ്ങളും ആ സ്ത്രീ കേള്‍ക്കുമെന്നും കാണുമെന്നും അറിഞ്ഞുകൊണ്ട് ആയവ ചെയ്യുകയോ അവളുടെ സ്വകാര്യസങ്കേതത്തില്‍ കയറിച്ചെല്ലുകയോ ചെയ്താല്‍ അയാള്‍ പിഴയോടുകൂടി ഒരു കൊല്ലത്തെ തടവുശിക്ഷയ്ക്കു വിധേയനാകും (509-ാം വകുപ്പ്).

കര-നാവിക-വ്യോമസേനാവിഭാഗങ്ങളെ ലഹളയ്ക്കു പ്രേരിപ്പിക്കുന്നതും ജനസമൂഹത്തില്‍ വര്‍ഗകലാപവും അസമാധാനവും ഉണ്ടാകത്തക്ക വിധത്തില്‍ ഭയാനകമായ വാര്‍ത്തകളും കിംവദന്തികളും പ്രചരിക്കുന്നതും ശിക്ഷാര്‍ഹമാണ് (505-ാം വകുപ്പ്).

കുറ്റകൃത്യശ്രമം കുറ്റകൃത്യത്തിനു നാലു ഘട്ടങ്ങളുണ്ട്: (1) കുറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്നു; (2) അതിനുവേണ്ടി തയ്യാറെടുക്കുന്നു; (3) കുറ്റം ചെയ്യാന്‍ ശ്രമിക്കുന്നു; (4) ഉദ്ദേശിച്ച കുറ്റകൃത്യം പൂര്‍ത്തിയാക്കുന്നു. ഇതില്‍ ആദ്യത്തേത് ശിക്ഷാര്‍ഹമല്ല. മോഷണമോ കൊലപാതകമോ ചെയ്യാന്‍ ഒരാള്‍ നിശ്ചയിച്ചുവെങ്കിലും പിന്നീടുള്ള ആലോചനയുടെ ഫലമായി അതു വേണ്ടെന്നു വച്ചേക്കാം. അതായത് മനസ്സില്‍ ഉദ്ദേശിച്ച കുറ്റകൃത്യം പിന്നീട് ഉപേക്ഷിക്കുന്നു. തയ്യാറെടുപ്പും സാധാരണഗതിയില്‍ ശിക്ഷാര്‍ഹമല്ല. ഒരാള്‍ തന്റെ ശത്രുവിനെ കൊല്ലണമെന്ന വിചാരത്തോടെ ഒരു കൈത്തോക്കു വാങ്ങിയെങ്കിലും പിന്നീട് വധശ്രമം വേണ്ടെന്നു വയ്ക്കുന്നു. എന്നാല്‍ ആ കൈത്തോക്കുകൊണ്ട് പ്രതിയോഗിയെ വെടിവയ്ക്കുന്നുവെന്നിരിക്കട്ടെ. ഉന്നം തെറ്റുകയാല്‍ വെടിയുണ്ട ശത്രുവിന്റെ ശരീരത്തു തൊടാതെ കടന്നുപോയാല്‍പ്പോലും കൊലപാതകൃത്യം നടത്താന്‍ ചെയ്ത ശ്രമത്തിനു കുറ്റവാളി ശിക്ഷാര്‍ഹനാകും. സാധാരണയായി കുറ്റങ്ങള്‍ ചെയ്യുവാനുള്ള തയ്യാറെടുപ്പു ശിക്ഷാര്‍ഹമല്ലെങ്കിലും രാഷ്ട്രത്തിനെതിരായി യുദ്ധം ചെയ്യുവാനുള്ള സജ്ജീകരണങ്ങള്‍, രാഷ്ട്രത്തോടും ഐക്യത്തില്‍ വര്‍ത്തിക്കുന്ന രാജ്യങ്ങളോടും യുദ്ധം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍, കള്ളനാണയ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ ശേഖരിക്കല്‍, കൂട്ടക്കവര്‍ച്ച നടത്തുന്നതിനുള്ള തയ്യാറെടുപ്പ് എന്നിവ ശിക്ഷാര്‍ഹമാണ്. വളരെ ഗൌരവമേറിയ കുറ്റകൃത്യശ്രമങ്ങള്‍ക്കും തയ്യാറെടുപ്പിനും അതതു കുറ്റത്തോടനുബന്ധമായിത്തന്നെ ശിക്ഷകള്‍ കല്പിച്ചിട്ടുണ്ട്. ജീവപര്യന്തത്തടവോ മറ്റു കനത്ത തടവുശിക്ഷകളോ കല്പിക്കപ്പെട്ട കുറ്റങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് അതതു ശിക്ഷകള്‍ക്കു നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തടവുശിക്ഷയുടെ പകുതി കാലത്തേക്കുള്ള തടവുശിക്ഷയാണ് നല്കുന്നത് (511). ഈ കണക്കുകൂട്ടലിന് ജീവപര്യന്തത്തടവു 14 വര്‍ഷമായി കണക്കാക്കാറുണ്ട്. പിഴയുടെ കാര്യത്തിലും ഇതുപോലെ പകുതിത്തുക കണക്കാക്കുന്നു. കുറ്റകൃത്യത്തിനുള്ള ശിക്ഷ കല്പിക്കണമെങ്കില്‍ കുറ്റവാളിയുടെ ശ്രമം കുറ്റം ചെയ്യുവാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ പരിധി കവിഞ്ഞ് കുറ്റം ചെയ്യുവാനുള്ള ദുരുദ്ദേശ്യം പ്രവൃത്തിപഥത്തില്‍ എത്തിയിരിക്കണം. ഉദാ. വെടിയുണ്ട നിറച്ച കൈത്തോക്കിന്റെ കാഞ്ചിയില്‍ ബലമായി അമര്‍ത്തി വെടിവയ്ക്കുകയും എന്നാല്‍ ഉണ്ട ഉന്നംതെറ്റി പ്രതിയോഗിയുടെ ദേഹത്തു തട്ടാതെ പാഞ്ഞുപോകുകയും ചെയ്തെങ്കിലും കുറ്റവാളി തീര്‍ച്ചയായും കൊലപാതകം നടത്താനുള്ള ശ്രമത്തിനു ശിക്ഷാര്‍ഹനാകും.

കുറ്റകൃത്യം ചെയ്യുന്നവര്‍ കൂട്ടായിച്ചേര്‍ന്ന് മുന്നാലോചനയോടുകൂടി കുറ്റകൃത്യങ്ങള്‍ക്കു സഹായിക്കുകയും മറ്റും ചെയ്തുവെങ്കില്‍ അവര്‍ 34-ാം വകുപ്പ് അനുസരിച്ച് ഉത്തരവാദികളാകുന്നതാണ്. അവര്‍ താന്താങ്ങളുടെ കൈകള്‍കൊണ്ടു കുറ്റം ചെയ്തില്ലെങ്കില്‍ത്തന്നെയും അപ്രകാരം ചെയ്തവരെപ്പോലെതന്നെ അവരും ചാര്‍ജ് ചെയ്യപ്പെട്ട കുറ്റത്തിനു ശിക്ഷാര്‍ഹരായിത്തീരും. ഉദാ. തിരുവനന്തപുരത്തുള്ള ഒരാളെ കൊല്ലുന്നതിനുവേണ്ടി കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഒരാള്‍ പണവും കൊല്ലുന്നതിനുവേണ്ട കൈത്തോക്കും വെടിയുണ്ടയും ശേഖരിച്ചയച്ചു കൊടുത്തെങ്കില്‍, കുറ്റസമയത്ത് അയാള്‍ കൊല്‍ക്കത്തയില്‍ത്തന്നെ താമസിച്ചിരുന്നാല്‍പ്പോലും അയാള്‍ യഥാര്‍ഥ കുറ്റവാളി തിരുവനന്തപുരത്തു ചെയ്ത കുറ്റകൃത്യത്തിന് കൂട്ടുത്തരവാദിയായിത്തീരുന്നതാണ്. നടന്ന കുറ്റത്തിനു രണ്ടുപേരും ഒരുപോലെ ശിക്ഷാര്‍ഹരായിത്തീരും.

പൊതുപ്രതിരോധവാദങ്ങള്‍ അപകീര്‍ത്തിനിയമത്തിനു സത്യസ്ഥിതി, ന്യായമായ കോടതി വിമര്‍ശനങ്ങള്‍, സാഹിത്യ നിരൂപണം തുടങ്ങിയ പത്തു പ്രതിരോധത്തര്‍ക്കങ്ങള്‍ ഉള്ളതുപോലെ ശിക്ഷാനിയമത്തില്‍ ശിക്ഷ കല്പിച്ചിട്ടുള്ള പല കുറ്റങ്ങള്‍ക്കും അതതിന്റേതായ പ്രത്യേക പ്രതിരോധ വാദമുഖങ്ങളുണ്ട്. രണ്ടാം വിവാഹത്തിനു പ്രോസിക്യൂട്ട് ചെയ്യപ്പെട്ട ഒരു ഭാര്യയ്ക്കോ ഭര്‍ത്താവിനോ തന്റെ ആദ്യവിവാഹം അസാധുവായിരുന്നുവെന്നു വാദിക്കാം. മോഷ്ടിക്കപ്പെട്ട സാധനം മോഷ്ടിക്കപ്പെട്ടതല്ലെന്നോ അതു മോഷ്ടിക്കപ്പെട്ടതാണെന്നുള്ള വിവരം തനിക്കറിയില്ലായിരുന്നുവെന്നോ വാദിക്കാം.

ശിക്ഷാനിയമത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള എല്ലാത്തരം കുറ്റങ്ങള്‍ക്കും ബാധകമായ ചില പൊതു പ്രതിരോധവാദങ്ങള്‍ നാലാം അധ്യായത്തില്‍ (76-106 വകുപ്പുകള്‍) അടങ്ങിയിട്ടുണ്ട്. നിയമപ്രകാരം ഒരാള്‍ ചെയ്യേണ്ട കൃത്യം ചെയ്യുന്ന വേളയില്‍ മറ്റൊരാള്‍ക്കുണ്ടാകുന്ന ഉപദ്രവങ്ങള്‍, ന്യായാധിപന്മാര്‍ തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടയില്‍ ചെയ്യുന്ന കൃത്യങ്ങള്‍, ഒരാള്‍ ഏതെങ്കിലും കൃത്യം ചെയ്യുമ്പോള്‍ യാദൃച്ഛികമായുണ്ടാകുന്ന സംഭവങ്ങള്‍മൂലം അന്യര്‍ക്കു നേരിടുന്ന ഉപദ്രവങ്ങള്‍, ഏഴു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ചെയ്തേക്കാവുന്ന കുറ്റകൃത്യങ്ങള്‍, സംഗതികളുടെ യാഥാര്‍ഥ്യം അറിയാതെ ഒരാള്‍ തെറ്റുപറ്റി ചെയ്യുന്ന കൃത്യങ്ങള്‍, ഒരാളെ കൊല്ലണമെന്നോ അയാള്‍ക്കു ദേഹോപദ്രവമേല്പിക്കണമെന്നോ യാതൊരു ദുരുദ്ദേശ്യവുമില്ലാതെ തങ്ങളുടെ (ഉദാ. ചികിത്സയ്ക്കു വിധേയരാകുന്നവരുടെ രോഗശമനത്തിനായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രോഗി മരണമടയുന്നത്.) ജോലിയില്‍ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍, മരണഭീഷണിക്കു വിധേയമായി മറ്റു രക്ഷാമാര്‍ഗമില്ലാതെ കുറ്റം ചെയ്തുപോകുന്നവരുടെ കുറ്റകൃത്യങ്ങള്‍, ആത്മരക്ഷാര്‍ഥം ഒരാള്‍ ചെയ്തുപോകുന്ന കുറ്റം, ഭ്രാന്ത് എന്നിവ ഈ പട്ടികയില്‍പ്പെടുന്നു. സ്വരക്ഷാവകാശവും ഭ്രാന്തുമാണ് ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്ന രണ്ടു പ്രതിരോധാവകാശ വാദങ്ങള്‍.

ഭ്രാന്ത് എന്ന വാക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഉപയോഗിച്ചിട്ടില്ല. ഇതിനു പകരമായി 'മനസ്സിന്റെ അസ്വാസ്ഥ്യം' എന്ന സംജ്ഞയാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരാള്‍ ഒരു കുറ്റം ചെയ്യുന്ന സമയത്ത്, അയാളുടെ മനസ്സിന്റെ അസ്വാസ്ഥ്യംമൂലം, താന്‍ ചെയ്യുന്ന കൃത്യത്തിന്റെ സ്വഭാവം ഇന്നതെന്നു മനസ്സിലാക്കുന്നതിനോ ആയതു തെറ്റോ നിയമവിരുദ്ധമോ എന്നു തിരിച്ചറിയുന്നതിനോ ഉള്ള കഴിവ് അയാള്‍ക്ക് ഇല്ലാതിരുന്നാല്‍ അയാള്‍ ചെയ്യുന്ന കൃത്യം കുറ്റകരമാവുകയില്ല, എന്നാണ് 84-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ളത്. ഒരാള്‍ ചില സമയങ്ങളില്‍ മാത്രം മനസ്സിന് അസ്വാസ്ഥ്യം നേരിട്ടു മനോനിയന്ത്രണമില്ലാതെ കുറ്റങ്ങള്‍ ചെയ്യുകയാണെങ്കില്‍ അയാള്‍ ചെയ്ത കൃത്യത്തിനുത്തരവാദിയാകും. പരിപൂര്‍ണമായ മാനസികരോഗം പിടിപെട്ടവനു മാത്രമേ ഈ വകുപ്പനുസരിച്ച് രക്ഷ ലഭിക്കുകയുള്ളൂ. പ്രതിരോധസംഗതികള്‍ തെളിയിക്കേണ്ട ഭാരം പ്രതികളില്‍ത്തന്നെയാണ് സ്ഥിതി ചെയ്യുന്നതെന്ന് തെളിവുനിയമം 105-ാം വകുപ്പില്‍ എടുത്തു പറയുന്നുണ്ട്. നോ. ഇന്ത്യന്‍ ശിക്ഷാനിയമം; ക്രിമിനല്‍ നടപടി നിയമം

(പ്രൊഫ. പി.എസ്. അച്യുതന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍